ബിറ്റ്‌കോയിന്‍ പ്രവര്‍ത്തിക്കുന്നത്


ക്രിപ്‌റ്റോഗ്രാഫി എന്ന ഗോപ്യഭാഷയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ബിറ്റ്‌കോയിനുകളെ ശരിയായി ഗ്രഹിക്കണമെങ്കില്‍ ക്രിപ്‌റ്റോഗ്രാഫിയിലും പീര്‍ ടു പീര്‍ നെറ്റ്‌വര്‍ക്കുകളുടെ പ്രവര്‍ത്തനത്തിലുമുള്ള സാമാന്യ ധാരണ അത്യാവശ്യമാണ്. എങ്കിലും ലളിതമായ ഉദാഹരണത്തിലൂടെ ബിറ്റ്‌കോയിന്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന് വ്യക്തമാക്കാന്‍ ശ്രമിക്കാം. 

സുതാര്യമായ ഒരു മുറി. ആ മുറിക്കുള്ളില്‍ നിരവധി പണപ്പെട്ടികള്‍ നിരത്തി വച്ചിരിക്കുന്നു. പണപ്പെട്ടികളും സുതാര്യമാണ്. മുറിയിലെ എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സി സി ടി വി ക്യാമറയിലൂടെ ലോകത്ത് ആര്‍ക്കും മുറി പരിശോധിക്കാം. പണപ്പെട്ടികള്‍ക്കെല്ലാം തനതായ ഒരു വിലാസവുമുണ്ട്. പണപ്പെട്ടിയിലെ ദ്വാരത്തിലൂടെ ആര്‍ക്കും ഇതിലേയ്ക്ക് പണം നിക്ഷേപിക്കാം. പെട്ടികള്‍ ഓരോന്നും അതിന്റെ ഉടമസ്ഥര്‍ക്ക് സ്വന്തം. തുറക്കാനുള്ള താക്കോലുകള്‍ ഉടമസ്ഥരുടെ കൈവശം മാത്രം. ആര്‍ക്കും ആരുടെ പെട്ടിയിലും പണം നിക്ഷേപിക്കാം. പക്ഷേ, സ്വന്തം പെട്ടിയില്‍ നിന്നുമാത്രമേ പണം എടുക്കാനാകൂ. 

ഇത്തരത്തില്‍ സ്വന്തം പെട്ടിയില്‍നിന്ന് മറ്റോരാള്‍ക്ക് പണം നല്‍കണമെങ്കില്‍ മുറിയിലേയ്ക്ക് പ്രവേശിക്കണം. ഒരു പെട്ടിയില്‍നിന്ന് മറ്റൊരു പെട്ടിയിലേയ്ക്ക് നാണയ കൈമാറ്റം നടക്കുന്നത് ലോകം മുഴവന്‍ സി സി ടിവിയിലൂടെ കാണുകയാണ്. പക്ഷേ, പണം കൈമാറാന്‍ മുറിയിലേയ്ക്ക് പ്രവേശിക്കുന്നവര്‍ മുഖംമൂടി ധരിച്ചിരിക്കുന്നതു കാരണം അവരുടെ സ്വകാര്യത സംരക്ഷിക്കപ്പെടുന്നുമുണ്ട്. 

ഇനി ഈ ഇടപാടുകളുടെ കണക്ക് സൂക്ഷിക്കണം. എന്നാലല്ലേ കൈമാറ്റം നടന്നതിനു ശേഷം ഏതെല്ലാം പെട്ടിയില്‍ എത്രയെല്ലാം നാണയങ്ങള്‍ ഉണ്ടെന്ന് അറിയാനാകൂ. അതിനായി മുറിയില്‍ വലിയൊരു കണക്കു പുസ്തകമുണ്ട്. എല്ലാ ഇടപാടുകളും രേഖപ്പെടുത്തി വെച്ചിട്ടുള്ള വളരെ വിശാലമായ ഒരു തുറന്ന പുസ്തകം. ആ പുസ്തകം ആര്‍ക്കും പരിശോധിക്കാം. പുസ്തകം തുറന്നതാണെങ്കിലും ക്രുത്യമായ പേജ് നമ്പറുകള്‍ ഇട്ടിട്ടുണ്ട്. പേജുകള്‍ കീറിക്കളയാനോ പഴയ കണക്കുകളില്‍ വെട്ടലും തിരുത്തലും നടത്താനോ സാധ്യമല്ല. ഒരു വിനിമയം നടന്നു കഴിഞ്ഞാല്‍ അത് കണക്കു പുസ്തകത്തില്‍ രേഖപ്പെടുത്താന്‍ പത്തു മിനിറ്റെടുക്കും. മാത്രവുമല്ല ഒന്നിലധികം കണക്കപ്പിള്ളമാര്‍ രേഖപ്പെടുത്തിയ കണക്ക് ശരിയാണോ എന്ന് സാക്ഷ്യപ്പെടുത്തുകയും വേണം. 

തുറന്ന പുസ്തകമല്ലേ കയ്യാങ്കളികള്‍ക്കുള്ള സാധ്യതകള്‍ ഒഴിവാക്കണമല്ലോ. ഇത്ര സങ്കീര്‍ണ്ണമായ ഈ കണക്കുപുസ്തകം പരിപാലിക്കാന്‍ ഒരു കണക്കപ്പിള്ള വേണ്ടേ? തുറന്ന കണക്കുപുസ്തകമായതിനാല്‍ സത്യസന്ധമായി ആര്‍ക്കും കണക്കെഴുത്ത് നടത്താം. വെറുതെ വേണ്ട. പ്രതിഫലമുണ്ട്. ശരിയായ രീതിയില്‍ പുസ്തകത്തില്‍ രേഖപ്പെടുത്തിയ ഓരോ കണക്കിനും നിശ്ചിത എണ്ണം നാണയങ്ങള്‍ പ്രതിഫലമായി ലഭിക്കും. കണക്കെഴുത്ത് അതികഠിനമായ ജോലിയാണെങ്കിലും, കണക്ക് ശരിയാണോ എന്നു പരിശോധിക്കുന്നത് വളരെ ലളിതമാണ്. 

ആദ്യകാലങ്ങളില്‍ വളരെ ചുരുക്കം പണപ്പെട്ടികളേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ കണക്കെഴുത്തും എളുപ്പമായിരുന്നു. പലപ്പോഴും ഒരാള്‍ക്ക് ഒറ്റയ്ക്ക് തന്നെ അത് സാധ്യമായിരുന്നു. കാലക്രമേണ പണപ്പെട്ടികളുടെ എണ്ണം കൂടി. ഒന്നോ രണ്ടോ പേരെക്കൊണ്ട് കണക്കു കൂട്ടല്‍ ശരിയാകാതെയായി. അപ്പോള്‍ കൂടുതല്‍ പേര്‍ ഒന്നിച്ചിരുന്ന് കണക്കുകൂട്ടാന്‍ തുടങ്ങി. പക്ഷേ ശമ്പളത്തില്‍ വര്‍ദ്ധനവില്ല. അതിനാല്‍ കിട്ടുന്ന ശമ്പളം പണിക്കനുസരിച്ച് വീതിച്ചെടുക്കുകയായി. 

ഈ പ്രതിഫലം നല്‍കുന്നതാരാണ് എന്നു കൂടി അറിയണ്ടേ? അതിനായി മുറിയില്‍ നാണയം അടിച്ചിറക്കുന്ന ഒരു മെഷീന്‍ ഉണ്ട്. ആ യന്ത്രം വെറുതെയങ്ങു പ്രവര്‍ത്തിക്കുകയല്ല. കണക്കപ്പിള്ളമാരുര്‍ കണക്കുകൂട്ടാന്‍ ചെലവാക്കുന്ന ഊര്‍ജ്ജമാണ് നാണയയന്ത്രത്തെ പ്രവര്‍ത്തിപ്പിക്കുന്നത്. കൂടുതല്‍ കൂടുതല്‍ നാണയങ്ങള്‍ പുറത്തു വരുന്നതോടെ യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട ഊര്‍ജ്ജത്തിന്റെ അളവും കൂടിക്കൂടി വരുന്ന രീതിയിലാണ് അതിന്റെ സജ്ജീകരണം. 

മേല്‍പ്പറഞ്ഞ ഉദാഹരണത്തില്‍, നാണയം ബിറ്റ്‌കോയിന്‍ ആണ്. മുറി ബിറ്റ്‌കോയിന്‍ ശൃംഖലയും, കണക്ക് പുസ്തകം ബ്ലോക്ക് ചെയ്ന്‍ എന്നറിയപ്പെടുന്ന ബിറ്റ്‌കോയിന്‍ ലഡ്ജറും, കണക്കപ്പിള്ളമാര്‍ ബിറ്റ്‌കോയിന്‍ മൈനേഴ്‌സും, കണക്കെഴുത്ത് ബിറ്റ്‌കോയിന്‍ മൈനിങുമാണ്.

Courtesy : mathrubhumi.com

BMe

Founder and Editor-in-chief of 'XyberSec', I am Security Researcher and Self Proclaimed Hacker, with experience in various aspects of Internet Security. Strong supporter of Anonymous Hackers. Google

0 comments: