Showing posts with label bitcoin. Show all posts

ബിറ്റ്‌കോയിന്‍ പ്രവര്‍ത്തിക്കുന്നത്


ക്രിപ്‌റ്റോഗ്രാഫി എന്ന ഗോപ്യഭാഷയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ബിറ്റ്‌കോയിനുകളെ ശരിയായി ഗ്രഹിക്കണമെങ്കില്‍ ക്രിപ്‌റ്റോഗ്രാഫിയിലും പീര്‍ ടു പീര്‍ നെറ്റ്‌വര്‍ക്കുകളുടെ പ്രവര്‍ത്തനത്തിലുമുള്ള സാമാന്യ ധാരണ അത്യാവശ്യമാണ്. എങ്കിലും ലളിതമായ ഉദാഹരണത്തിലൂടെ ബിറ്റ്‌കോയിന്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന് വ്യക്തമാക്കാന്‍ ശ്രമിക്കാം. 

സുതാര്യമായ ഒരു മുറി. ആ മുറിക്കുള്ളില്‍ നിരവധി പണപ്പെട്ടികള്‍ നിരത്തി വച്ചിരിക്കുന്നു. പണപ്പെട്ടികളും സുതാര്യമാണ്. മുറിയിലെ എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സി സി ടി വി ക്യാമറയിലൂടെ ലോകത്ത് ആര്‍ക്കും മുറി പരിശോധിക്കാം. പണപ്പെട്ടികള്‍ക്കെല്ലാം തനതായ ഒരു വിലാസവുമുണ്ട്. പണപ്പെട്ടിയിലെ ദ്വാരത്തിലൂടെ ആര്‍ക്കും ഇതിലേയ്ക്ക് പണം നിക്ഷേപിക്കാം. പെട്ടികള്‍ ഓരോന്നും അതിന്റെ ഉടമസ്ഥര്‍ക്ക് സ്വന്തം. തുറക്കാനുള്ള താക്കോലുകള്‍ ഉടമസ്ഥരുടെ കൈവശം മാത്രം. ആര്‍ക്കും ആരുടെ പെട്ടിയിലും പണം നിക്ഷേപിക്കാം. പക്ഷേ, സ്വന്തം പെട്ടിയില്‍ നിന്നുമാത്രമേ പണം എടുക്കാനാകൂ. 

ഇത്തരത്തില്‍ സ്വന്തം പെട്ടിയില്‍നിന്ന് മറ്റോരാള്‍ക്ക് പണം നല്‍കണമെങ്കില്‍ മുറിയിലേയ്ക്ക് പ്രവേശിക്കണം. ഒരു പെട്ടിയില്‍നിന്ന് മറ്റൊരു പെട്ടിയിലേയ്ക്ക് നാണയ കൈമാറ്റം നടക്കുന്നത് ലോകം മുഴവന്‍ സി സി ടിവിയിലൂടെ കാണുകയാണ്. പക്ഷേ, പണം കൈമാറാന്‍ മുറിയിലേയ്ക്ക് പ്രവേശിക്കുന്നവര്‍ മുഖംമൂടി ധരിച്ചിരിക്കുന്നതു കാരണം അവരുടെ സ്വകാര്യത സംരക്ഷിക്കപ്പെടുന്നുമുണ്ട്. 

ഇനി ഈ ഇടപാടുകളുടെ കണക്ക് സൂക്ഷിക്കണം. എന്നാലല്ലേ കൈമാറ്റം നടന്നതിനു ശേഷം ഏതെല്ലാം പെട്ടിയില്‍ എത്രയെല്ലാം നാണയങ്ങള്‍ ഉണ്ടെന്ന് അറിയാനാകൂ. അതിനായി മുറിയില്‍ വലിയൊരു കണക്കു പുസ്തകമുണ്ട്. എല്ലാ ഇടപാടുകളും രേഖപ്പെടുത്തി വെച്ചിട്ടുള്ള വളരെ വിശാലമായ ഒരു തുറന്ന പുസ്തകം. ആ പുസ്തകം ആര്‍ക്കും പരിശോധിക്കാം. പുസ്തകം തുറന്നതാണെങ്കിലും ക്രുത്യമായ പേജ് നമ്പറുകള്‍ ഇട്ടിട്ടുണ്ട്. പേജുകള്‍ കീറിക്കളയാനോ പഴയ കണക്കുകളില്‍ വെട്ടലും തിരുത്തലും നടത്താനോ സാധ്യമല്ല. ഒരു വിനിമയം നടന്നു കഴിഞ്ഞാല്‍ അത് കണക്കു പുസ്തകത്തില്‍ രേഖപ്പെടുത്താന്‍ പത്തു മിനിറ്റെടുക്കും. മാത്രവുമല്ല ഒന്നിലധികം കണക്കപ്പിള്ളമാര്‍ രേഖപ്പെടുത്തിയ കണക്ക് ശരിയാണോ എന്ന് സാക്ഷ്യപ്പെടുത്തുകയും വേണം. 

തുറന്ന പുസ്തകമല്ലേ കയ്യാങ്കളികള്‍ക്കുള്ള സാധ്യതകള്‍ ഒഴിവാക്കണമല്ലോ. ഇത്ര സങ്കീര്‍ണ്ണമായ ഈ കണക്കുപുസ്തകം പരിപാലിക്കാന്‍ ഒരു കണക്കപ്പിള്ള വേണ്ടേ? തുറന്ന കണക്കുപുസ്തകമായതിനാല്‍ സത്യസന്ധമായി ആര്‍ക്കും കണക്കെഴുത്ത് നടത്താം. വെറുതെ വേണ്ട. പ്രതിഫലമുണ്ട്. ശരിയായ രീതിയില്‍ പുസ്തകത്തില്‍ രേഖപ്പെടുത്തിയ ഓരോ കണക്കിനും നിശ്ചിത എണ്ണം നാണയങ്ങള്‍ പ്രതിഫലമായി ലഭിക്കും. കണക്കെഴുത്ത് അതികഠിനമായ ജോലിയാണെങ്കിലും, കണക്ക് ശരിയാണോ എന്നു പരിശോധിക്കുന്നത് വളരെ ലളിതമാണ്. 

ആദ്യകാലങ്ങളില്‍ വളരെ ചുരുക്കം പണപ്പെട്ടികളേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ കണക്കെഴുത്തും എളുപ്പമായിരുന്നു. പലപ്പോഴും ഒരാള്‍ക്ക് ഒറ്റയ്ക്ക് തന്നെ അത് സാധ്യമായിരുന്നു. കാലക്രമേണ പണപ്പെട്ടികളുടെ എണ്ണം കൂടി. ഒന്നോ രണ്ടോ പേരെക്കൊണ്ട് കണക്കു കൂട്ടല്‍ ശരിയാകാതെയായി. അപ്പോള്‍ കൂടുതല്‍ പേര്‍ ഒന്നിച്ചിരുന്ന് കണക്കുകൂട്ടാന്‍ തുടങ്ങി. പക്ഷേ ശമ്പളത്തില്‍ വര്‍ദ്ധനവില്ല. അതിനാല്‍ കിട്ടുന്ന ശമ്പളം പണിക്കനുസരിച്ച് വീതിച്ചെടുക്കുകയായി. 

ഈ പ്രതിഫലം നല്‍കുന്നതാരാണ് എന്നു കൂടി അറിയണ്ടേ? അതിനായി മുറിയില്‍ നാണയം അടിച്ചിറക്കുന്ന ഒരു മെഷീന്‍ ഉണ്ട്. ആ യന്ത്രം വെറുതെയങ്ങു പ്രവര്‍ത്തിക്കുകയല്ല. കണക്കപ്പിള്ളമാരുര്‍ കണക്കുകൂട്ടാന്‍ ചെലവാക്കുന്ന ഊര്‍ജ്ജമാണ് നാണയയന്ത്രത്തെ പ്രവര്‍ത്തിപ്പിക്കുന്നത്. കൂടുതല്‍ കൂടുതല്‍ നാണയങ്ങള്‍ പുറത്തു വരുന്നതോടെ യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട ഊര്‍ജ്ജത്തിന്റെ അളവും കൂടിക്കൂടി വരുന്ന രീതിയിലാണ് അതിന്റെ സജ്ജീകരണം. 

മേല്‍പ്പറഞ്ഞ ഉദാഹരണത്തില്‍, നാണയം ബിറ്റ്‌കോയിന്‍ ആണ്. മുറി ബിറ്റ്‌കോയിന്‍ ശൃംഖലയും, കണക്ക് പുസ്തകം ബ്ലോക്ക് ചെയ്ന്‍ എന്നറിയപ്പെടുന്ന ബിറ്റ്‌കോയിന്‍ ലഡ്ജറും, കണക്കപ്പിള്ളമാര്‍ ബിറ്റ്‌കോയിന്‍ മൈനേഴ്‌സും, കണക്കെഴുത്ത് ബിറ്റ്‌കോയിന്‍ മൈനിങുമാണ്.

Courtesy : mathrubhumi.com

എന്താണ് ബിറ്റ് കോയിന്‍ ?


ബിറ്റ് കോയിന്‍ Bitcoin ക്രിപ്‌റ്റോഗ്രാഫി എന്ന ഗോപ്യ ഭാഷയില്‍ അധിഷ്ടിതമായാണ് ബിറ്റ് കോയിനുകള്‍ പ്രവര്‍ത്തിക്കുന്നത്. ഭൗതിക രൂപമില്ലാത്ത നാണയ സമ്പ്രദായമാണിത്. നതാഷി നക്കാമൊട്ടോ എന്ന് അപരനാമത്തില്‍ അറിയപെടുന്ന ഏതോ ഒരു വ്യക്തിയോ സംഘമോ ആണ് ബിറ്റ് കോയിന്‍ രൂപപ്പെടുത്തിയത്. 2008ല്‍ നതാഷി ബിറ്റ് കോയിന്‍ പ്രോട്ടോക്കോള്‍ അവതരിപ്പിക്കുകയും 2009ല്‍ അത് നിലവില്‍ വരുകയും ചെയ്തു.

ക്രിപ്‌റ്റോ കറന്‍സി എന്ന വിഭാഗത്തില്‍ പെടുന്ന നാണയമാണ് ബിറ്റ് കോയിന്‍. യൂ ടോറന്റ്, ബിറ്റ് ടോറന്റ് തുടങ്ങിയ അപ്ലിക്കേഷനുകളെ പോലെ പീര്‍ ടു പീര്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന സൗജന്യ സ്വതന്ത്ര സോഫ്റ്റ്‌വെയറാണ് ബിറ്റ് കോയിന്‍ ആപ്ലിക്കേഷന്‍.
വിന്‍ഡോസ്, ലിനക്‌സ്, മാക്ക്, ബ്ലാക്ക് ബെറി, ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഇത് ലഭ്യമാണ്.

ബിറ്റ് കോയിന്‍ ഇടപാടുകള്‍ ശരയാണോ എന്ന് പരിശോധിക്കാനും ഉറപ്പു വരുത്താനും ക്രിപ്‌റ്റോഗ്രാഫിക് സമ്പ്രദായങ്ങള്‍ ഉപയോഗിക്കുകയും ഇതിലൂടെ തന്നെ പുതിയ നാണയങ്ങള്‍ സൃഷ്ടിക്കുകയുമാണ് ക്രിപ്‌റ്റോകറന്‍സി നാണയ വ്യവസ്ഥയുടെ അടിസ്ഥാനം. ഇതര ബാങ്കിംഗ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനും പതിന്മടങ്ങ് സുരക്ഷിതമായ ക്രിപ്‌റ്റോഗ്രാഫിക് സാങ്കേതിക വിദ്യയിലാണ് ബിറ്റ് കോയിന്‍ ശൃഖല പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല ഇടപാടുകള്‍ പലയിടങ്ങളിലായി രേഖപെടുത്തി വെയ്ക്കുന്നതിനാല്‍ പിഴവുകള്‍ സംഭവിക്കുന്നതിനുള്ള സാധ്യതകളും വളരെ കുറവാണ്.
സ്വര്‍ണവും വെള്ളിയും പോലെയുള്ള ലോഹങ്ങള്‍ ഖനനം ചെയ്‌തെടുക്കുന്നത്‌പോലെ ബിറ്റ് കോയിനും ഖനനം ചെയ്‌തെടുക്കാം. 



ബിറ്റ് കോയിന്‍ ഖനനം എന്നത് സങ്കിര്‍ണമായ കണക്കുകൂട്ടല്‍ പ്രക്രീയയാണ്. ഇത് ഹാഷിങ് എന്ന് അറിയപെടുന്നു. കണക്കുകൂട്ടല്‍ സങ്കീര്‍ണമാണെങ്കിലും ഇത്തരത്തില്‍ സങ്കീര്‍ണമായ പ്രശ്‌നത്തിന് ഉത്തരം ലഭിക്കുമ്പോള്‍ അതിന് പ്രതിഫലമായി ബിറ്റ് കോയിനുകള്‍ ഉത്തരം കണ്ടെത്തിയവര്‍ക്ക് ലഭിക്കുന്നു.
210 ലക്ഷം ബിറ്റ് കോയിനുകള്‍ മാത്രമേ ഇത്തരത്തില്‍ ഖനനം ചെയ്ത് എടുക്കാന്‍ സാധിക്കൂ. 2140ല്‍ ബിറ്റ് കോയിന്‍ ഖനനം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബാങ്ക് ഇടപാടുകള്‍ നിരീക്ഷിക്കുന്നതുപോലെ ബിറ്റ് കോയിന്‍ ഇടപാടുകള്‍ നിരീക്ഷിക്കാന്‍ കേന്ദ്രീകൃത സംവിധാനങ്ങള്‍ ഇല്ലാത്തതുകൊണ്ട് ബിറ്റ്‌കോയിന്‍ ശൃഖലയെ നിയന്ത്രിക്കുന്നത് അതിശക്തമായ ക്രിപ്‌റ്റോഗ്രാഫിക് സങ്കേതങ്ങള്‍ ആണ്. ഇടപാടു വിവരങ്ങള്‍ രേഖപെടുത്തി വെയ്ക്കുന്നത് ബ്ലോക്ക് ചെയിന്‍ എന്ന പബ്ലിക്ക് ഇലക്ട്രോണിക് ലെഡ്ജറിലാണ്. ഈ ബ്ലോക്ക് ചെയിനിനെ അടിസ്ഥാനമാക്കിയാണ് ബിറ്റ്‌കോയിന്‍ ശൃഖലയുടെ നിലനില്‍പ്.


ബിറ്റ്‌കോയിന്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണ് എന്ന് അറിയണോ..?

Courtesy : indiavisiontv.com